മുംബൈ: ആന്തോപിക് പോലുള്ള കന്പനികൾ പുറത്തിറക്കുന്ന അത്യാധുനിക ആർട്ടിഫിഷൽ ഇന്റലിജൻസ് ടൂളുകൾ ഇന്ത്യൻ ഐടി മേഖലയുടെ പരന്പരാഗത വരുമാന മാതൃകകൾക്കു വലിയ വെല്ലുവിളി ഉയർത്തുന്നതായി ആഗോള സാന്പത്തിക വിശകലന ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഐടി കന്പനികളുടെ വരുമാനത്തിന്റെ വലിയൊരു പങ്കും ലഭിക്കുന്ന ആപ്ലിക്കേഷൻ സർവീസുകളിൽ എഐ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഇത് വരും വർഷങ്ങളിൽ മേഖലയുടെ വളർച്ചയെ ബാധിക്കുമെന്നും ജെഫറീസ്, മക്വാറി, മോത്തിലാൽ ഒസ്വാൾ എന്നീ ബ്രോക്കറേജ് സ്ഥാപനങ്ങൾ വിലയിരുത്തുന്നു.
സോഫ്റ്റ്വേർ കോഡിംഗ്, ടെസ്റ്റിംഗ് തുടങ്ങിയ ജോലികളിൽ എഐ സ്വാധീനം വർധിക്കുന്നത് മനുഷ്യവിഭവശേഷി കുറയ്ക്കാൻ കന്പനികളെ പ്രേരിപ്പിച്ചേക്കാം. എഐയുടെ കടന്നുകയറ്റം മൂലം ഐടി മേഖലയുടെ വരുമാനത്തിൽ ഏകദേശം 9 മുതൽ 12 ശതമാനം വരെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മോത്തിലാൽ ഒസ്വാളിന്റെ നിരീക്ഷണം.
പാലന്റീർ പോലുള്ള കന്പനികൾ വികസിപ്പിക്കുന്ന പുതിയ എഐ സംവിധാനങ്ങൾ സങ്കീർണമായ സോഫ്റ്റ്വേർ ജോലികൾ എളുപ്പമാക്കുന്നത് ഇന്ത്യൻ കന്പനികൾക്ക് ലഭിക്കുന്ന ദീർഘകാല കരാറുകളെ ബാധിച്ചേക്കും. എങ്കിലും, അന്താരാഷ്ട്രതലത്തിലുള്ള വലിയ കന്പനികളുമായുള്ള ദീർഘകാല ബന്ധവും നിലവിലെ സങ്കീർണമായ പ്രവർത്തനരീതികളും ഇന്ത്യൻ കന്പനികൾക്ക് ഒരു പരിധിവരെ സംരക്ഷണം നൽകുമെന്ന് മക്വാറി വിശ്വസിക്കുന്നു.
ഐടി വിപണിയിൽ നിലവിലുള്ള മിക്ക വളർച്ചാ പ്രവചനങ്ങളും എഐ ഉണ്ടാക്കാൻ പോകുന്ന ആഘാതങ്ങളെ വേണ്ടവിധം വിലയിരുത്തിയിട്ടില്ലെന്ന് ജെഫറീസ് മുന്നറിയിപ്പ് നൽകുന്നു.
എന്നാൽ ഈ വെല്ലുവിളികൾക്കിടയിലും എഐ പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് മുന്നോട്ടുപോകുന്ന ഇൻഫോസിസ്, എച്ച്സിഎൽ ടെക് തുടങ്ങിയ കന്പനികൾക്ക് പുതിയ അവസരങ്ങൾ കണ്ടെത്താനാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ, അതിവേഗം മാറുന്ന സാങ്കേതികവിദ്യക്കനുസരിച്ച് സേവനങ്ങളിൽ മാറ്റം വരുത്തുന്ന കന്പനികൾക്കു മാത്രമേ വരും കാലത്ത് വിപണിയിൽ മേധാവിത്വം നിലനിർത്താൻ സാധിക്കൂ എന്നാണ് വിദഗ്ധരുടെ പക്ഷം.